News details

വീട് സ്വര്‍ഗ്ഗതുല്ല്യമാക്കാന്‍ അമ്മമാര്‍ പരിശ്രമിക്കണം: ഡോ. രജിത് കുമാര്‍

April 09, 2018

ദോഹ: സ്വന്തം വീട് സ്വര്‍ഗ്ഗതുല്ല്യമാക്കി മാറ്റാന്‍ അമ്മമാര്‍ ശ്രദ്ധാലുക്കളാകണമെന്ന് പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും ഫാമിലി കൗണ്‍സിലറുമായ ഡോ. രജിത് കുമാര്‍ പറഞ്ഞു. ഏഴാം ഖത്തര്‍ മലയാളി സമ്മേളന പ്രഖ്യാപന വേദിയില്‍ 'അമ്മ അറിയാന്‍, അമ്മയെ അറിയാന്‍' എന്ന വിഷയത്തില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍ നല്ല സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. പരസ്പര സ്നേഹവും ബഹുമാനവും ആദരവും കുടുംബ ഭദ്രതയുടെ അടിത്തറയാണ്. വിശുദ്ധ ഗ്രന്ഥങ്ങളെ വൃഥാ പാരായണം ചെയ്യാതെ അതിന്‍റെ സാരാംശങ്ങളെ ശാസ്ത്രീയ സത്യങ്ങളുമായി സമന്വയിപ്പിച്ച് ജീവിതത്തില്‍ പുലര്‍ത്തുന്നവര്‍ക്ക് മാത്രമാണ് സത്യവിശ്വാസത്തിന്‍റെ ഗുണങ്ങള്‍ അനുഭവിക്കാന്‍ കഴിയുക, അദ്ദേഹം പറഞ്ഞു.
കുഞ്ഞിനെ പത്തു മാസം ചുമന്ന് പ്രസവിക്കുന്ന അമ്മമാര്‍ അവരെ അങ്ങേയറ്റം സ്നേഹിക്കുന്നത് പ്രകൃതിയുടെ പ്രതിഭാസമാണ്. കുഞ്ഞ് ജനിച്ച ശേഷം ഭാര്യക്ക് തന്നിലുള്ള ശ്രദ്ധ കുറയുന്നതായി തോന്നുന്ന പുരുഷന്‍ മാതൃത്വത്തിന്‍റെ അര്‍ത്ഥവും വിലയും അറിയാത്തവനാണ്. ധരിക്കുന്ന വസ്ത്രവും കഴിക്കുന്ന ഭക്ഷണവും ആരോഗ്യത്തെ മാത്രമല്ല, ചിന്തയെയും സംസ്കാരത്തെയും വരെ ബാധിക്കുമെന്നതിനാല്‍ തികഞ്ഞ ശ്രദ്ധ അക്കാര്യത്തില്‍ ഉണ്ടാവണം അദ്ദേഹം പറഞ്ഞു. ഇറുകിയ വസ്ത്രങ്ങളും അനാരോഗ്യകരമായ ആഹാര രീതികളും പ്രത്യുല്‍പാദന സംവിധാനത്തെ വരെ ബാധിക്കും. സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയ രോഗങ്ങള്‍ ജനിക്കുന്ന കുട്ടികളില്‍ കൂടി വരുന്നതിന് മാതാപിതാക്കളുടെ ജീവിത ശൈലി കാരണമാകുന്നുണ്ട്.
വൈകിട്ട് കുട്ടികള്‍ക്കായി നടത്തിയ പ്രത്യേക സെഷന്‍ നര്‍മ്മവും ചിന്തനീയവും ഒപ്പം വൈകാരികവുമായി മാറി. മക്കള്‍ക്ക് മാതാപിതാക്കളുമായുള്ള ബന്ധത്തിന്‍റെ പ്രാധാന്യം അവതരിപ്പിച്ചപ്പോള്‍ മനസ്സ് പിടഞ്ഞ് മക്കള്‍ മാതാപിതാക്കളെ ആലിംഗനം ചെയ്തത് സദസ്സിനെ ഈറനണിയിച്ചു.
സ്ത്രീകളും കുട്ടികളും പുരുഷډാരുമടക്കം തിങ്ങി നിറഞ്ഞ സദസ്സ് ഏറെ ആവേശത്തോടെയാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രവിച്ചത്. വക്റ സ്റ്റേഡിയത്തില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ഡോ. കെ ജയകുമാര്‍ സമ്മേളന പ്രഖ്യാപനം നടത്തി. കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഉണ്ണി ഒളകര, അഡ്വ. ഇസ്മാഈല്‍ നډണ്ട, ജൂട്ടാസ് പോള്‍, ഡേവിസ് എടക്കുളത്തൂര്‍, ഹാശിര്‍ അലി ടി പി എം, ഉസ്മാന്‍ കല്ലന്‍, അക്ബര്‍ ഖാസിം, പി കെ അബ്ദുല്ല, അബ്ദുന്നാസര്‍ നാച്ചി, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, അബ്ദുല്‍ അസീസ് എന്‍ ഇ, ഷൗക്കത്ത് ജലീല്‍, മുസ്തഫ കല്പകഞ്ചേരി, ഹൈദര്‍ ചുങ്കത്തറ, പി എന്‍ ബാബുരാജന്‍, അബൂബക്കര്‍ ടി കെ, ഖലീല്‍ എന്‍ പി, നസീര്‍ മുസാഫി, എന്‍ കെ മുസ്തഫ, അഹ്മദ് അന്‍സാരി, എഞ്ചിനീയര്‍ നജീബ്, സിറാജ് ഇരിട്ടി, എം ടി അബ്ദുസ്സമദ് എന്നിവര്‍ പങ്കെടുത്തു.