News details

ജീവിത വിജയത്തിന് ദൈവിക സന്ദേശം വഴികാട്ടിയാക്കുക: ഖുര്‍ആന്‍ സമ്മേളനം

December 23, 2018

മനുഷ്യന്റെ ജീവിത വിജയത്തിന് ദൈവിക സന്ദേശമായ പരിശുദ്ധ ഖുര്‍ആനെ വഴികാട്ടിയാക്കണമെന്ന് ശൈഖ് അബ്ദുല്ല ബിന്‍ സെയ്ദ് ആലു മഹ്മൂദ് ഇസ്്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഖുര്‍ആന്‍ സമ്മേളനം ആഹ്വാനം ചെയ്തു.  

മനുഷ്യന്‍ ഉള്‍പെടെ  മുഴുവന്‍ ജീവജാലങ്ങളുടെയും സ്രഷ്ടാവായ ദൈവത്തെക്കുറിച്ചും  അവന്റെ കാരുണ്യത്തെക്കുറിച്ചും നാം മനസ്സിലാക്കേണ്ടതും പഠിക്കേണ്ടതും പരിശുദ്ധ ഖുര്‍ആനില്‍ നിന്നായിരിക്കണം. എന്ന് പരിപാടിയില്‍ സംസാരിച്ചുകൊണ്ട് ഡോ. ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. നമ്മുടെ ഖുര്‍ആന്‍ പാരായണങ്ങളില്‍ നിന്നും പഠനങ്ങളില്‍ നിന്നും നമുക്ക് ലഭിക്കേണ്ടത് ദൈവത്തെക്കുറിച്ചുള്ള പരമമായ അറിവും അവന്റെ കഴിവുകളെക്കുറിച്ചുള്ള ബോധ്യവുമായിരിക്കണം. പലപ്പോഴും നമ്മുടെ ഖുര്‍ആന്‍ പഠനങ്ങള്‍ ആ നിലവാരത്തിലെത്തുന്നില്ല. ഹൃദയ വിശുദ്ധിയുടെയും പൂര്‍ണ്ണമായ സമര്‍പ്പണത്തോടെയും വേണം ഖുര്‍ആന്‍ പഠനത്തെ സമീപിക്കാന്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖുര്‍ആന്‍ പ്രതിപാദനം, ആദര്‍ശം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

രണ്ടാമത്തെ പഠന സെഷനില്‍ ഖുര്‍ആന്‍ നല്‍കുന്ന സംസ്‌കരണ പാഠങ്ങള്‍ എന്ന വിഷയത്തില്‍ അന്‍സാര്‍ നന്മണ്ട സംസാരിച്ചു. നമ്മുടെ ജീവിതത്തില്‍ ഖുര്‍ആന്‍ പഠനം മാറ്റങ്ങളുണ്ടാക്കണം. ലോകത്തിന് മാര്‍ഗദര്‍ശനവും വഴികാട്ടിയുമായി എത്തിയ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം പരിശുദ്ധ ഖുര്‍ആനിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ബാഹ്യമായ അടയാളങ്ങളുടെ പ്രകടനത്തിനുപരിയായി മനസ്സ് വിശാലമാവുകയാണ് ഖുര്‍ആന്‍ പഠനത്തിലൂടെ നാം സ്വായത്തമാക്കേണ്ട ഗുണവിശേഷം, അദ്ദേഹം പറഞ്ഞു.

 

മൂന്നാമത്തെ സെഷനില്‍ വിസ്മയിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ എന്ന വിഷയം പ്രൊഫ. ഹുമയൂണ്‍ കബീര്‍ അവതരിപ്പിച്ചു. മനുഷ്യരുടെ അന്വേഷണ ത്വരയെ ഖുര്‍ആന്‍ വളര്‍ത്തുന്നുണ്ട്. ശാസ്ത്രബോധവും യുക്തിബോധവും വിശ്വാസികള്‍ക്കിടയില്‍ വളരണമെന്ന് ഖുര്‍ആന്‍ തന്നെ പഠിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മധ്യകാലഘട്ടത്തില്‍ നിരവധി ശാസ്ത്രജ്ഞന്മാര്‍ വളര്‍ന്നുവരാനും ശാസ്ത്രത്തിനു കൂടുതല്‍ പ്രേരണയും പ്രോത്സാഹനവും നല്‍കാനും ഖുര്‍ആന് സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പതിനെട്ടാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ മുഹമ്മദ് ഈസ, അക്ബര്‍ ഖാസിം, അബ്ദുല്‍ അസീസ് എന്‍ ഇ എന്നിവര്‍ വിതരണം ചെയ്തു. പരിപാടിയില്‍ സംബന്ധിച്ചുകൊണ്ട് ഖത്തര്‍ ഇന്ത്യന്‍ ഇസ്്‌ലാഹീ സെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി, ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയ വീട്ടില്‍, അഷ്‌റഫ് മടിയേരി, മുജീബ് റഹ്മാന്‍ മദനി, ആഭ്യന്തര മന്ത്രാലയ പ്രതിനിധി അഹ്മദ് സാക്കി, ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ കണ്‍വീനര്‍ മഅ്‌റൂഫ് മാട്ടൂല്‍, സമ്മേളന സ്വാഗത സംഘം ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു, ജനറല്‍ കണ്‍വീനര്‍ സിറാജ് ഇരിട്ടി, മുജീബ് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.