News details
സ്വത്വ സംരക്ഷണത്തിലൂന്നിയാവണം നവോത്ഥാനത്തിന്റെ പുനർവായന: Dr A K രാമകൃഷ്ണൻ
April 26, 2019
ദോഹ: സ്വത്വ സംരക്ഷണത്തിലൂന്നിയാവണം നവോത്ഥാനത്തിന്റെ പുനർവായനയെന്ന് Dr AK രാമകൃഷ്ണൻ പറഞ്ഞു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേരള നവോത്ഥാനം ചരിത്രം വർത്തമാനം പുതുകാലം എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച അക്കാദമിക് സെമിനാറിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നടന്നിട്ടുള്ള നവോത്ഥാനം സാമൂഹ്യ പ്രതിബന്ധങ്ങൾക്കപ്പുറം സ്വതന്ത്ര വ്യക്തിത്വത്തിലേക്കുള്ള കാൽവെപ്പായിരുന്നു. സ്വന്തം സംസ്കാരങ്ങളെയും ആശയങ്ങളെയും പ്രേരിപ്പിക്കുന്നതും ആകണം നവോത്ഥാനം. യൂറോപ്യൻ ആധുനികവൽക്കരണം മനുഷ്യരെ സ്വയംപര്യാപ്തനാക്കുന്നതാണെങ്കിൽ ഇന്ത്യൻ നവോത്ഥാനം സംസ്കൃതികളുടെ പുനരേകീകരണത്തിന് വഴിയൊരുക്കുകയും ചെയ്തു. കേരളത്തിലെ ഇതര നവോത്ഥാന നായകരെ അപേക്ഷിച്ച് വക്കം മൗലവിക്ക് ലോകത്തിലെ വ്യത്യസ്ത നാഗരികതകളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് സ്വത്വത്തെ കുറിച്ചുള്ള അറിവും പരിപോഷണങ്ങളുടെ പുനർനിർണയവുമാണ് നവോദ്ധാനത്തിൻറെ പുതിയ ദൗത്യം. അതിലൂടെ നവോത്ഥാനത്തിന്റെ ജ്ഞാന മണ്ഡലങ്ങളെ നവീകരിക്കേണ്ടതുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അനുബന്ധമായ നടന്ന പാനൽ ചർച്ചയിൽ ശ്രീനാഥ് പറവൂർ, ഷഫീഖ് ഹുദവി, അബ്ദുൽ റഹൂഫ് കൊണ്ടോട്ടി, നസീർ പാനൂർ, അബ്ദുൽ ഹക്കിം മദനി, ലത്തീഫ് നല്ലളം, മുനീർ മാട്ടൂൽ, മുജീബ് കുനിയിൽ തുടങ്ങിയർ സംബന്ധിച്ചു.