News details

QLS Meet 2019
November 03, 2019
ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പഠന ക്ലാസ്സുകളിലെ ഖുര്‍ആന്‍ പഠിതാക്കള്‍ മര്‍ഖിയ്യയിലെ ഈദുല്‍ ഖൈരിയ്യ ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നു. ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ആല്‍ മഹ്മൂദ് സാംസ്‌കാരിക കേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്. പഠനം, മനനം, ആസ്വാദനം എന്നിങ്ങനെ ഖുര്‍ആന്‍ പഠനത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
ഖുര്‍ആന്‍ വിശ്വാസിയുടെ ജീവിതത്തിന്റെ വഴിവിളക്കായി മാറണമെന്ന് സംഗമത്തില്‍ സംസാരിച്ച പ്രമുഖ പണ്ഡിതന്‍ അഹമ്മദ് കുട്ടി മദനി പറഞ്ഞു. മനുഷ്യരുടെ ജീവിതം സുഖദുഃഖങ്ങള്‍ നിറഞ്ഞതാണ്. ദൈവ സ്മരണ ജീവിതത്തിലുടനീളം നിലനിര്‍ത്തിയാല്‍ മാത്രമേ ജീവിത്തിന്റെ ഉയര്‍ച്ചയെയും താഴ്ച്ചയെയും ഒരുപോലെ അഭിമുഖീകരിക്കാന്‍ മനുഷ്യര്‍ക്ക് സാധ്യമാവൂ എന്ന് അദ്ദേഹം പറഞ്ഞു.
അതീവ ഹൃദ്യവും ലളിതവുമാണ് ഖുര്‍ആനെന്ന് പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനുമായ പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ സ്‌നേഹത്തെയും സൗന്ദര്യത്തെയും കുറിച്ച് മനസ്സിലാക്കാതെ ഖുര്‍ആന്‍ പഠനം പൂര്‍ണ്ണമാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതി, പത്തൊന്‍പതാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ എന്നിവയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് വനിതാ പഠിതാക്കള്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പഴങ്ങള്‍ മറ്റ് സസ്യങ്ങള്‍ ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.