News details
ഇന്ത്യൻ അംബാസഡർ പി കുമരന് സ്നേഹോഷ്മള യാത്രയയപ്പ്
July 14, 2020
ഇന്ത്യൻ അംബാസഡർ പി കുമരന് സ്നേഹോഷ്മള യാത്രയയപ്പ്
സിംഗപ്പൂരിലേക്ക് പുതിയ നയതന്ത്ര ദൗത്യവുമായി പോവുന്ന ഇന്ത്യൻ അംബാസഡർ പി കുമരന് ഇന്ത്യൻ സമൂഹം ഹൃദ്യമായ യാത്രയയപ്പ് നൽകി. നിലവിലെ സാഹചര്യം പരിഗണിച്ച് ഓൺലൈനിലായിരുന്നു യാത്രയയപ്പ്. ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിനെ പ്രതിനിധീകരിച്ച് ധാരാളം പേർ യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഹൃദയത്തിലിടം നേടിയ അംബാസഡർ ആയിരുന്നു പി കുമരൻ. സാധാരണക്കാരിൽ സാധാരണക്കാരായ ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ട് അവ പരിഹരിക്കാൻ നടത്തിയ ശ്രമങ്ങൾ 'ജനങ്ങളുടെ അംബാസഡർ' എന്ന വിശേഷണം അദ്ദേഹത്തിന് നേടിക്കൊടുത്തു.
ഏറ്റവും ഒടുവിലായി കോവിഡ് രോഗവ്യാപനം കാരണം തൊഴിൽ നഷ്ടപ്പെട്ട ആയിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ പി കുമരൻ എന്ന ജനങ്ങളുടെ അംബാസഡർ നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യൻ സമൂഹം എന്നും ഓർക്കും.
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ മദീന ഖലീഫയിലുള്ള പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്തത് അംബാസഡർ പി കുമരനാണ്. ഏകദേശം നാൽപ്പത് മിനിറ്റോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ ഉദ്‌ഘാടന പ്രസംഗം ഖത്തർ പോലുള്ള ഒരു പ്രദേശത്ത് ഒരു ഇന്ത്യൻ സാമൂഹ്യ സംഘടന ദിശാബോധത്തോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതായിരുന്നു. വിവിധ മേഖലകളിൽ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയുണ്ടായി.
അംബാസഡർ പി കുമരന് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അദ്ദേഹത്തിന്റെ പുതിയ ദൗത്യത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു.