News details
ഏഴാം ഖത്തര്‍ മലയാളി സമ്മേളനം - മഹിതം മാനവീയം
January 10, 2021
ദോഹ ഒരിക്കല്‍കൂടി ഖത്തര്‍ മലയാളി സമ്മേളനത്തിന് വേദിയാവുകയാണ്.
മലയാളിയുടെ സഹജമായ സംഘബോധത്തിന്റെ മികച്ച ഉദാഹരണ മായിരുന്നു 1999 ല്‍ തുടക്കം കുറിക്കപ്പെട്ട ഖത്തര്‍ മലയാളി സമ്മേളനങ്ങള്‍.
പിറന്ന നാടിന്റെ ചിന്തയും ഗന്ധവും സദാ മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന മലയാളിക്ക് എന്നും ഓര്‍ക്കാനുള്ള ഒരു പിടി മധുര സ്മരണകളാണ് കഴിഞ്ഞ ആറു മലയാളി സമ്മേളനങ്ങളും സമ്മാനിച്ചത്. വീണ്ടുമൊരിക്കല്‍ കൂടി മലയാളി സമ്മേളനത്തിന് ഒരുങ്ങുമ്പോള്‍ മലയാളിയും ഇന്ത്യയും ലോകവുമെല്ലാം ഒരു പാട് മാറിയിരിക്കുന്നു.
വിഭിന്ന ജാതി, മത, വര്‍ഗ, വര്‍ണ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ് നമ്മുടെ നാട്. ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ജൈനനും ബുദ്ധമതക്കാരനും മതമൊന്നുമില്ലാത്തവനും യുക്തിചിന്തകരുമൊക്കെ ഒരുമിച്ചു ജീവിക്കുകയും സാഹോദര്യം പങ്കിടുകയും ചെയ്യുന്ന ലോകത്തെ തന്നെ അത്യപൂര്‍വ്വ പ്രദേശങ്ങളില്‍ ഒന്നാണ് നമ്മുടെ കൊച്ചുകേരളം.
ഒരു കെട്ടുറപ്പുള്ള മാതൃകാസമൂഹമെന്ന നിലയില്‍ നാം നേടിയെടുത്ത സകല നന്‍മകളെയും റദ്ദ് ചെയ്യാനും ജാതിയുടെയും മതത്തിന്റെയും രാഷ്ടീയ ത്തിന്റെയുമൊക്കെ പേരില്‍ നമ്മെ തമ്മിലടിപ്പിക്കാനും അതുമുഖേന അധികാരത്തിലേക്കുള്ള പാത സുഗമമാക്കുവാനും കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വ്യാപാരികള്‍ മുമ്പെങ്ങുമില്ലാത്ത വിധം കര്‍മനിരതരാണ് ഇന്ന് കേരളത്തില്‍.
വിശ്വാസപരവും സാംസ്‌കാരികവും സാമൂഹികവും രാഷ്ടീയവുമായ ബഹുത്വങ്ങളെ ആസ്വദിക്കുകയും അവക്കൊക്കെ അപ്പുറം മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യ ബോധവും പക്വതയുമാണ് വര്‍ത്തമാന കാലം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്.
അന്ധകാരം എത്രമേല്‍ കനത്താലും നമ്മുടെ പ്രതീക്ഷ സാഹോദര്യ ത്തിന്റെ പ്രഭാതത്തിലാണ്. നന്മയുടെ ഖനിജങ്ങളാണ് മനുഷ്യരെല്ലാം. അവര്‍ക്ക് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വന്ധ്യമായ ആശയങ്ങള്‍ക്കു പിന്നില്‍ ദീര്‍ഘകാലം പഥസഞ്ചലനം നടത്തുക അസാധ്യം തന്നെയാണ്.
മാനവികമൂല്യങ്ങളുടെ വീണ്ടെടുപ്പിനായ് കഴിയാവുന്നതെല്ലാം നാം ചെയ്‌തേ മതിയാവൂ. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് 1999ല്‍ ഖത്തര്‍ മലയാളി സമ്മേളനത്തിന് തുടക്കമാവുന്നത്. ജാതി- മത-രാഷ്ട്രീയ-സംഘടനാ ചിന്തകള്‍ക്കതീതമായി ശാന്തിയും സമാധാനവും സാഹാദര്യവും നിലനില്‍ക്കുന്ന സുന്ദരമായ നവലോകം ആഗ്രഹിച്ചുകൊണ്ട് 'മഹിതം മാനവീയം' എന്ന പ്രമേയമാണ് 2021 ജനുവരിയില്‍ നടക്കുന്ന ഏഴാം ഖത്തര്‍ മലയാളി സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.
മാനവിക സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകളുടെയും സാന്നിദ്ധ്യവും സഹായസഹകരണവും 2021 ജനുവരി 22, 26,29 തിയ്യതികളിൽ നടക്കുന്ന ഈ മഹാ സംഗമത്തിന്റെ പ്രവർത്തനങ്ങളിൽ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.